Monday, June 18, 2007

സന്താന ഗോപാലം

പവക്കുഞ്ഞുങ്ങളെ
പാടിയുറക്കാനായ്
പണ്ടേ ചൊല്ലി
പഠിച്ച വരികളില്‍
കുരലിടറി നീറിയൊരു
താരാട്ടിഴയവേ
മിഴി പെറ്റുതന്നെന്റെ
പൊള്ളുന്ന മടിയില്‍
രണ്ട് ഓമന
കണ്ണുനീരുണ്ണികള്‍.

പൂഴിയില്‍ നീന്തി
തുടിക്കുന്ന പൈതങ്ങള്‍
‍പൂത്തുനില്‍ക്കുന്നോരോ
പാതയോരം തോറും
തങ്ങിനില്‍ക്കുന്നയെന്‍
കാഴ്ച്ചയിലൂടൊരു
വ്യര്‍ഥ തപസ്സിന്റെ
ഒറ്റക്കാല്‍ മുടന്തവേ

ചുറ്റുവട്ടത്തുള്ള
ചേരിയിലങ്ങോളം
വ്യാധികള്‍ പുകയുന്ന
കല്ലടുപ്പുകള്‍ തോറും
കണ്ണിരു കാച്ചിയത്‌
കൊഞ്ചാത്ത കുഞ്ഞുങ്ങള്‍
‍കൊരിക്കുടിക്കുന്ന
കുമ്പിളിലുടെന്റെ
നെഞ്ചിലെ ഉറവകള്‍
ചുണ്ടുതിരയവേ

ബാഷ്പമാവാതന്ന്
ബാക്കിയുണ്ടാകുമോ
ഒരു തുള്ളി
മുലപ്പാലെങ്കിലും,
എങ്കില്‍ ചുമന്നോളാം
ഞാനീ കിനാവിനെ
അന്തമില്ലാത്ത
ഈ പേറ്റുനോവിന്‍
താന്ത നൊമ്പരങ്ങളെ പോറ്റി
അന്നോളം കഴിച്ചോളാം.

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്...

ഓര്‍ക്കണം
തിളയ്ക്കുന്ന കണ്ണീരിലവള്‍
കുഴിച്ചിട്ട സ്വപ്നങ്ങളത്രേ
നൂറു ഗര്‍ഭപാത്രങ്ങളില്‍
കുരുക്കുന്നു, കൈകാലിളക്കുന്നു
പിന്നെ മടിയിലൊരു
പൂവായ് വിടരുന്നു.

Friday, June 8, 2007

ലഹരി

മീനും കൊണ്ട്‌
പറന്നു പൊന്തിയ
പൊന്മാന്‍
‍വെള്ളത്തിലിട്ടുപോയ
അടയാളം പോലെ
അടര്‍ന്നുപോയ
ഓരോ പ്രണയവും
ചില മുദ്രകള്‍
ബാക്കിയാക്കുന്നെന്ന്
നമ്മള്‍ വിചാരിക്കും.

അവ
മറന്നുപോയതാണെന്നും
വിചാരിക്കും.

അവയ്ക്കുമേല്‍
ശാപത്തിന്റെ
ഒരു സന്യാസിയെ
ഇരുത്തും.

അയാളുടെ
വിളി കേള്‍‍ക്കാതെ
മനോരാജ്യങ്ങളില്‍
മുഴുകും.

ശപ്ത കഥയിലെ
തപ്ത നീരാള
നിരാമയമാം
അശ്രുബിന്ദു..?

നല്ല പ്രണയത്തിന്റെ
കഥകളെല്ലാം
ഒടുങ്ങുന്നത്‌
ദുരന്തത്തിലാവണ്ടേ...!

Tuesday, May 8, 2007

സുനാമി...

നീ ഒഴിഞ്ഞ
സിരകളില്‍‍ വെറും
നിണം മാത്രം.

പിന്നെ
നിന്റെ മണവും.

മുഖം പൊത്തി
തിരിഞ്ഞു നടക്കവേ
കണങ്കാലില്‍
‍മൃദുവായി തൊട്ടത്‌
എന്റെ കൈകളായിരുന്നു,
തിരകള്‍.

ഓരോ തൃസന്ധ്യയും
നിന്നെയോര്‍ത്തു തുടുക്കുന്ന
എന്റെ കവിളുകളായിരുന്നു,
ചക്രവാളങ്ങള്‍.

നീ അകലെയായിരിക്കുമ്പോള്‍
‍എന്റെ മോഹം
കൂറ്റന്‍ തിരമാലകളായി.

അടുത്തുള്ളപ്പോള്‍
‍ആഴം വരെ വെളിപ്പെട്ട
ശാന്തത.

പ്രണയാതുരമായ
എന്റെ നെഞ്ച്
ഒരു തിരയായ്‌ ഉണര്‍ന്നപ്പോള്‍
‍ഗന്ധവും സ്പര്‍ശവും
നിഷേധിക്കപ്പെട്ട ഉടല്‍
ഒരു നെരുപ്പായി
പുകയുകയായിരുന്നു.

എന്റെ വേര്‍പ്പ്‌
നിന്റെ ഉടല്‍ നീറ്റിയത്‌
ഞാന്‍ അറിഞ്ഞില്ല.

എങ്കിലും
അതിന്റെ നനവുകള്‍
നക്കിയെടുത്തത്‌
എന്റെ പ്രണയമായിരുന്നു!

Sunday, April 22, 2007

ദോഷരാശി

ഗുണദോഷം കൊണ്ടൊന്നും
ജലദോഷം മാറില്ല!


മുടിയഴിച്ചിട്ട്‌
മഴയത്തുനില്‍ക്കാന്‍
‍കൊഴുപ്പുണ്ടായിട്ടല്ല

മുടിക്കെട്ടില്‍
തലയൊളിപ്പിച്ച്‌
അരക്കെട്ടില്‍
‍കൈയ്യൊളിപ്പിച്ച്‌
ഒരുത്തനെന്നെ
പൂണ്ടടക്കം
പിടിച്ചുനിര്‍ത്തിയത്‌
ആരോടുപറയാന്‍!


ആയിരം ചോദ്യങ്ങള്‍ക്ക്‌
ഒറ്റ മറുപടി
അതു ഞാന്‍ കുറിച്ചിട്ടത്‌
അവന്റെ കണ്ണുകളിലായിരുന്നു

ഉത്തരക്കടലാസില്‍നിന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോയത്‌
ദൃഷ്ടിദോഷം കൊണ്ടെന്നു
പാവം ടീച്ചര്‍!


ചെമ്പകമണമുള്ള
പൗര്‍ണമിരാവിന്റെ
പാട്ടാണുവന്നെന്നെ
ഇക്കിളിയിട്ടത്‌

നടക്കുമ്പോള്‍
‍കാലിനും കാമനകള്‍ക്കും
ഭാരമേയില്ലായിരുന്നു.

നേരംവെളുത്തപ്പൊ
നാട്ടുകാര്‍ കൂടി
താങ്ങിയെടുത്തുകിടത്തി
എന്നെക്കാള്‍ കനമുള്ളൊരു
പേരുദോഷത്തിനെ!


കാണാപ്പുറത്തെങ്ങോ
കളമൊരുങ്ങുന്നെന്നു
കേട്ടപ്പോ നീ പാട്ടുനിര്‍ത്തി
ഒരുനോട്ടമെങ്ങോ
പാതിക്കുപേക്ഷിച്ച്
മിണ്ടാതിറങ്ങി നടന്നുപോയി...

ഭീരു.

കമ്പുകൊണ്ടടിച്ചാലും
കറണ്ടുകൊണ്ടടിച്ചാലും
കര്‍മ്മദോഷങ്ങളുടെ
ചങ്ങലയണിഞ്ഞു ഞാന്‍
‍ഈ കുടുസ്സില്‍തന്നെ
തപസിരിക്കും.

പ്രത്യക്ഷനായാല്‍
നിന്റെ മുഖത്തു തുപ്പും!

Sunday, April 15, 2007

ഊഴം

സൂചനീയം
ഒരു സൂചിത്തുമ്പിന്റെ
ധാതുശേഷി...!

യുദ്ധം വിപ്ലവം
ചാവേര്‍ ‍തുടങ്ങിയ
ഒരു തീയ്ക്കും കനലാവാഞ്ഞിട്ടും
ആണുങ്ങള്‍ ഇല്ലാതെപോയ നാട്ടില്‍
മച്ചിയാക്കാതെന്റെ
കഴുത്തുകാത്ത
കാവലാള്‍.

മാലപോലൊരു കുരുക്കിട്ട്‌
അതിന്റെ തുമ്പും പിടിച്ച്‌
നടക്കുന്നുണ്ട്‌
സ്നേഹശേഖരത്തിലെ
എന്റെ വീതം
ഊറുന്ന ലോഹത്തിന്റെ
വിറതുള്ളിയായി
ഘനീഭവിപ്പിച്ചവര്‍,
വരുന്നു
പെന്‍സിലും കൂര്‍പ്പിച്ച്‌
പേറിന്റെ കണക്കെഴുതാന്‍!

പെറ്റ്‌
പാലൂട്ടി
മൂരിനിവരുമ്പോള്‍
‍അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം
പിന്നെ അതും ചുമന്ന്...