Monday, June 18, 2007

സന്താന ഗോപാലം

പവക്കുഞ്ഞുങ്ങളെ
പാടിയുറക്കാനായ്
പണ്ടേ ചൊല്ലി
പഠിച്ച വരികളില്‍
കുരലിടറി നീറിയൊരു
താരാട്ടിഴയവേ
മിഴി പെറ്റുതന്നെന്റെ
പൊള്ളുന്ന മടിയില്‍
രണ്ട് ഓമന
കണ്ണുനീരുണ്ണികള്‍.

പൂഴിയില്‍ നീന്തി
തുടിക്കുന്ന പൈതങ്ങള്‍
‍പൂത്തുനില്‍ക്കുന്നോരോ
പാതയോരം തോറും
തങ്ങിനില്‍ക്കുന്നയെന്‍
കാഴ്ച്ചയിലൂടൊരു
വ്യര്‍ഥ തപസ്സിന്റെ
ഒറ്റക്കാല്‍ മുടന്തവേ

ചുറ്റുവട്ടത്തുള്ള
ചേരിയിലങ്ങോളം
വ്യാധികള്‍ പുകയുന്ന
കല്ലടുപ്പുകള്‍ തോറും
കണ്ണിരു കാച്ചിയത്‌
കൊഞ്ചാത്ത കുഞ്ഞുങ്ങള്‍
‍കൊരിക്കുടിക്കുന്ന
കുമ്പിളിലുടെന്റെ
നെഞ്ചിലെ ഉറവകള്‍
ചുണ്ടുതിരയവേ

ബാഷ്പമാവാതന്ന്
ബാക്കിയുണ്ടാകുമോ
ഒരു തുള്ളി
മുലപ്പാലെങ്കിലും,
എങ്കില്‍ ചുമന്നോളാം
ഞാനീ കിനാവിനെ
അന്തമില്ലാത്ത
ഈ പേറ്റുനോവിന്‍
താന്ത നൊമ്പരങ്ങളെ പോറ്റി
അന്നോളം കഴിച്ചോളാം.

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്...

ഓര്‍ക്കണം
തിളയ്ക്കുന്ന കണ്ണീരിലവള്‍
കുഴിച്ചിട്ട സ്വപ്നങ്ങളത്രേ
നൂറു ഗര്‍ഭപാത്രങ്ങളില്‍
കുരുക്കുന്നു, കൈകാലിളക്കുന്നു
പിന്നെ മടിയിലൊരു
പൂവായ് വിടരുന്നു.

18 comments:

ചിദംബരി said...

“പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്..”
പുതിയ പോസ്റ്റ് , “സന്താന ഗോപാലം’

G.MANU said...

kanal vaakkukal..

ചിദംബരി said...

മനു,
നന്ദി,ഈ പോള്ളാത്ത കനലേല്‍ക്കാന്‍ വന്നതിന്..,ഒരു നീര്‍കണം അതില്‍ ഇറ്റിച്ചതിനും.

മൂര്‍ത്തി said...

കവിത നന്നായിട്ടുണ്ട്..

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്..”

ഞാന്‍ കണ്ടിട്ടുണ്ട്...ഈ ദു:ഖം അനുഭവിക്കുന്നവരെ...

വേണു venu said...

നന്നായിരിക്കുന്നു, ചിദംബരി.:)

മുസ്തഫ|musthapha said...

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്...

കവിത വളരെ നന്നായിരിക്കുന്നു.

വാളൂരാന്‍ said...

അവളുടെ വേദന വായനക്കാരനു പകര്‍ന്നു കിട്ടുന്നു....

ഷാനവാസ്‌ ഇലിപ്പക്കുളം said...

മക്കളില്ലാത്ത ഒരമ്മയുടെ ദു:ഖം ഒരു വേദനയായ് ഉള്ളില്‍ നിറക്കാന്‍ ഈ കവിതയ്ക്കയി. സാധാരണക്കാര്‍ക്കും ഭാഷാനിഘണ്ടുവോ, ബുജി വ്യാഖ്യാന്മോ കൂടാതെ ഒരു കനലായ് നെന്ചില്‍ നിറയുന്നു.
"അന്തമില്ലാത്ത
ഈ പേറ്റുനോവിന്‍
താന്ത നൊമ്പരങ്ങളെ പോറ്റി..." ശരിക്കും ഔഷധമോ ആസ്വാസമോ പകരാനാകാത്ത വേദന. ഈ കവിത, ആ നീറ്റലിനെ വായനക്കാരിലേക്ക്‌പകരുകയെന്ന ഉദ്ദേശ്യം മനോഹരമായി നിറവേറ്റുന്നു. അഭിനന്ദനങ്ങള്‍.

ഗിരീഷ്‌ എ എസ്‌ said...

വ്യഥ
മനസില്‍ കനല്‍കോരിയിടുന്നു..
ഓര്‍മ്മകളിലെവിടെയോ ഒരു തേങ്ങല്‍ ബാക്കിയാക്കി
കവിത പെയ്തുതോരുന്നു
ഇഷ്ടമായി
അഭിനന്ദനങ്ങള്‍

ചീര I Cheera said...

ഇഷ്ടമായി..

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

very nice

മുസാഫിര്‍ said...

സങ്കടം വരുത്തുന്ന കവിത ചിദംബരി.അക്ഷരത്തെറ്റുകള്‍ ദയവായി ശ്രദ്ധിക്കുക.

അനിലൻ said...

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്...


ഹോ!
എന്തൊരു കയ്പ്

നല്ല കവിത

:: niKk | നിക്ക് :: said...

:)

ഓ.ടോ.. ഈ അഗ്രജന്‍ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഓര്‍ക്കണം
തിളയ്ക്കുന്ന കണ്ണീരിലവള്‍
കുഴിച്ചിട്ട സ്വപ്നങ്ങളത്രേ
നൂറു ഗര്‍ഭപാത്രങ്ങളില്‍
കുരുക്കുന്നു, കൈകാലിളക്കുന്നു
കവിത നന്നായിട്ടുണ്ട്..
ഇഷ്ടമായി
അഭിനന്ദനങ്ങള്‍

കാട്ടുപൂച്ച said...

ഒററയടിപ്പാതയിൽ സന്ഡ്യ യുെട പാദസ്പർശം േപാെല മനോഹരം - അഭിനന്ദനങ്ങൾ

തകര്‍പ്പന്‍ said...

ആദ്യം എന്തോപോലെ തോന്നിയെങ്കിലും രണ്ടാമതുവായിച്ചപ്പോ കൊള്ളാം എന്നുതോന്നി. നന്ദി.

അശരീരി...| a said...

Good poem!