Monday, December 3, 2007

ഒരു അഭയാര്‍ത്ഥികൂടി പിറക്കുന്നു!

ഇനിയും പിറക്കാത്ത
കുഞ്ഞിനെ ഉറക്കാന്‍
ഒരു താരാട്ട് വേണം.

പണ്ട്
വിരലുണ്ടുറങ്ങിയ
പാ‍ട്ടുതൊട്ടിലുകളെല്ലാം
അഴിഞ്ഞു കഴിഞ്ഞു.

ആനന്ദക്കണ്ണീരില്‍
അപ്പൂപ്പന്‍ കെട്ടിയ
ഓര്‍മ്മയുടെ
ശീലത്തൊട്ടിലും
കുടുക്കിട്ട നെഞ്ചും
മച്ചും തറയുമുള്‍പ്പെടെ
കണ്ടവര്‍
കുളംതോ‍ണ്ടിക്കഴിഞ്ഞു.

സ്വര്‍ഗ്ഗത്തില്‍നിന്നുമിപ്പോള്‍
കെട്ടിയിറക്കുന്ന പൊതിത്തൊട്ടിലില്‍
ഭിക്ഷയാണ്‌.

ആര്‍ത്തി
മാനം നോക്കിയിരിക്കുന്ന
കണ്ണുകള്‍
നായ്ക്കളുടേതാണ്‌.

പേയെടുത്ത
ആയുസ്സിന്റെ
വിഴുപ്പു കെട്ടിയ
ഭാണ്ഡങ്ങളായിട്ടും
അടുത്തിരുന്നപ്പോള്‍
രമിക്കുവാന്‍ തോന്നി,
ഏതു മരുഭൂമിയിലും
ഏത് അഭയാര്‍ത്ഥികള്‍ക്കും
അതൊരൊളിയിടം തന്നെ!

ചുമന്നുപോയത്
ഇറക്കിയല്ലേ പറ്റു!

ഇനിയും പിറന്നില്ലെങ്കിലും
ഇവര്‍‍ക്കുറങ്ങാന്‍
ഒരു താരാട്ടു വേണം.

ഏതു നാട്ടിലെ
ഏതു ഭാഷയിലെ
ഏതു കനിവിന്റെ
ലിപികള്‍ ചേര്‍ത്ത് മൂളും
ഇവര്‍ക്കായ്
ഒരു പാട്ടു തൊട്ടില്‍?

പഴയേതോ വരമ്പിലൂടെ
അതും തേടി
നടന്നതായിരുന്നു.
പെട്ടന്നൊരൊച്ചയില്‍
തൊട്ടിലുപൊട്ടി
പാട്ടും മുറിഞ്ഞു
ഒരു കരച്ചിലുപോലുമില്ലാതെ.