Wednesday, September 5, 2007

കൊള്ളിമീന്‍ കുഞ്ഞ്

പെയ്തൊഴിയാതെ
നിന്നു തുളുമ്പും
ഇമയനങ്ങാതോരോ
മേഘനയനവും
നീയകന്നുപോയൊരാ
ദിവസത്തിന്‍
ഓര്‍മ്മതെളിയുന്ന
കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍.

ഗൂഢ ഗര്‍ഭമാ-
ണമ്മമാറില്‍നിന്ന്
പ്രാണനൂറ്റി
കുടിച്ച്‌ വറ്റിക്കുന്ന
ദൈവമാണീ ജീവനെന്ന്
ആരു പറഞ്ഞാലും
അവള്‍ കമഴ്ത്തിയ
ഉരുളിയില്‍ കോരിയ
മനപ്പാലിനെ മറക്കുവാനാകുമോ?

നിന്നെ മറക്കുവാനാകുമോ?

ചാരത്ത്‌ തൊട്ടിലില്‍
പട്ട്‌ തടുക്കിലെ
തങ്കമായ്‌ മിന്നേണ്ട
പൊന്നുങ്കുടത്തിനെ
അസുരലായിനിയിലെ
കാഴ്ചയായ്‌ മാറ്റിയവര്‍,
മണ്ണിലെ ദൈവങ്ങള്‍,
പിറുപിറുക്കുന്നു
ആഴങ്ങളിലുണ്ടിതിന്‍
‍വേരുകള്‍ ബാക്കി .

ആവര്‍ത്തിക്കും, ഉറപ്പ്‌.

വയറില്‍ കുരുത്തതേ-
തര്‍ബ്ബുദമായാലും
അമ്മയ്ക്കതിനെ
മറക്കുവാനാവുമോ?
മാസങ്ങളെണ്ണി
പെരുത്ത പാശത്തിന്റെ
കെട്ടുകളഴിയുമോ
കാലം കഴിഞ്ഞാലും?

അറുത്തെടുത്തതൊരു
ദേഹത്തുനിന്നല്ലൊ-
രായുസ്സിന്‍ തപസ്സിന്റെ
നെഞ്ചില്‍ ഓടുങ്ങാത്ത
തൃഷ്ണയില്‍ നിന്നായിരുന്നു.

അതുകൊണ്ടാവാം കുഞ്ഞേ
ഒരിക്കലും
പെയ്തൊഴിയാതെ
നിന്നു തുളുമ്പും
ഇതളനങ്ങാതോരോ
മാതൃഹൃദയവും
നീ അടര്‍ന്നു പോയൊരാ
നിമിഷത്തിന്‍
‍ഓര്‍മ്മ തെളിയുന്ന
കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍.

11 comments:

ചിദംബരി said...

അര്‍ബ്ബുദം പോലെ ഒഴിയാതെ ഇതാ വീണ്ടും ഒരു പോസ്റ്റ് കൂടി..

“കൊള്ളിമീന്‍ കുഞ്ഞ്”

സു | Su said...

വരികള്‍ വെറും കവിതയായി മറയുന്നില്ല.

വല്യമ്മായി said...

മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് ആ മാതൃഹൃദയം

വല്യമ്മായി said...
This comment has been removed by the author.
Sul | സുല്‍ said...

പിടക്കുന്ന മാതൃഹൃദയം.
നല്ല കവിത.
-സുല്‍

G.manu said...

pollunna matoru kavitha

വിശാഖ് ശങ്കര്‍ said...

സുവിനും വല്യമ്മായിക്കും സുല്ലിനും
ജി.മനുവിനും നന്ദി.

ചിദംബരി said...

ചിദംബരിയെന്ന പേരില്‍ ഒളിച്ചിരുന്ന് എഴുതണമെന്നായിരുന്നു ആഗ്രഹം.എന്റെ അശ്രദ്ധ വിശാഖിന്റെ വിശ്വാസ്യതയെ തകര്‍ക്കുമെന്നുള്ളതുകൊണ്ട് ഞാനെന്നെ വെളിപ്പെടുത്തുന്നു.ഞാന്‍ സീമ.നിങ്ങളറിയുന്ന ബ്ലോഗര്‍ പരമുവിന്റെ ഭാര്യ.ഞാന്‍ ഈ കവിതകളെല്ലാം പൊസ്റ്റ് ചെയ്തിരുന്നത് വിശാഖിന്റെ പി.സി ഉപയോഗിച്ചാണ്.അദ്ദേഹത്തിന്റെ സ്വന്തം ഐഡി ഓണ്‍ ആയിക്കിടക്കുമ്പോഴായിരുന്നു ഞാന്‍ ഈ കുറിപ്പ് ഇട്ടത്.അതാണ് ഇത്തരം ഒരു അബദ്ധത്തിനു കാരണം.പുറത്തേക്ക് പോകുന്നതിനു മുന്‍പ് തിരക്കിട്ടു ചെയ്തതായതുകൊണ്ട് ഞാനോ, പരമുവോ, വിശാഖോ ഇത് ശ്രദ്ധിച്ചുമില്ല.പിന്നെ ഇന്നാണ് ഇത് ശ്രദ്ധയില്‍ പെട്ടത്.എല്ലാ ബൂലോകരും സദയം ക്ഷമിക്കുക.

വിഷ്ണു പ്രസാദ് said...

കള്ളി വെളിച്ചതായത് നന്നായി.ഒളിച്ചിരിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.നന്നായി എഴുതുന്നുണ്ടല്ലോ...
:)

Friendz4ever said...

എരിയുന്ന കനലിനേക്കാള്‍ തീവ്രതയില്‍ വേദനിക്കുന്ന മനസ്സുകളെ ഒരു നിമിഷാര്‍ഥത്തെ സ്നേഹസ്വാന്ത്വനം കൊണ്ട് നിറപ്പകിട്ടാക്കാന്‍ കഴിയുന്ന മാതാവ്..
വരികള്‍ വര്‍ണ്ണങ്ങളാകുന്നു. ഈ യാത്ര ഇനിയും തുടരുക.!!

sree said...

ഗര്‍ഭംകരിച്ചിറങ്ങുന്ന കൊള്ളിമീന്‍ കുഞ്ഞ്...തീക്ഷ്ണമായ ഭാവന !