Sunday, April 22, 2007

ദോഷരാശി

ഗുണദോഷം കൊണ്ടൊന്നും
ജലദോഷം മാറില്ല!


മുടിയഴിച്ചിട്ട്‌
മഴയത്തുനില്‍ക്കാന്‍
‍കൊഴുപ്പുണ്ടായിട്ടല്ല

മുടിക്കെട്ടില്‍
തലയൊളിപ്പിച്ച്‌
അരക്കെട്ടില്‍
‍കൈയ്യൊളിപ്പിച്ച്‌
ഒരുത്തനെന്നെ
പൂണ്ടടക്കം
പിടിച്ചുനിര്‍ത്തിയത്‌
ആരോടുപറയാന്‍!


ആയിരം ചോദ്യങ്ങള്‍ക്ക്‌
ഒറ്റ മറുപടി
അതു ഞാന്‍ കുറിച്ചിട്ടത്‌
അവന്റെ കണ്ണുകളിലായിരുന്നു

ഉത്തരക്കടലാസില്‍നിന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോയത്‌
ദൃഷ്ടിദോഷം കൊണ്ടെന്നു
പാവം ടീച്ചര്‍!


ചെമ്പകമണമുള്ള
പൗര്‍ണമിരാവിന്റെ
പാട്ടാണുവന്നെന്നെ
ഇക്കിളിയിട്ടത്‌

നടക്കുമ്പോള്‍
‍കാലിനും കാമനകള്‍ക്കും
ഭാരമേയില്ലായിരുന്നു.

നേരംവെളുത്തപ്പൊ
നാട്ടുകാര്‍ കൂടി
താങ്ങിയെടുത്തുകിടത്തി
എന്നെക്കാള്‍ കനമുള്ളൊരു
പേരുദോഷത്തിനെ!


കാണാപ്പുറത്തെങ്ങോ
കളമൊരുങ്ങുന്നെന്നു
കേട്ടപ്പോ നീ പാട്ടുനിര്‍ത്തി
ഒരുനോട്ടമെങ്ങോ
പാതിക്കുപേക്ഷിച്ച്
മിണ്ടാതിറങ്ങി നടന്നുപോയി...

ഭീരു.

കമ്പുകൊണ്ടടിച്ചാലും
കറണ്ടുകൊണ്ടടിച്ചാലും
കര്‍മ്മദോഷങ്ങളുടെ
ചങ്ങലയണിഞ്ഞു ഞാന്‍
‍ഈ കുടുസ്സില്‍തന്നെ
തപസിരിക്കും.

പ്രത്യക്ഷനായാല്‍
നിന്റെ മുഖത്തു തുപ്പും!

10 comments:

ചിദംബരി said...

“ഊഴം”വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ സഹൃദയര്‍ക്കും നന്ദി.

“മുടിക്കെട്ടില്‍
തലയൊളിപ്പിച്ച്
അരക്കെട്ടില്‍
കൈയ്യൊളിപ്പിച്ച്
ഒരുത്തനെന്നെ
പൂണ്ടടക്കം
പിടിച്ചുനിര്‍ത്തിയത്
ആരോടുപറയാന്‍!“

പുതിയ പൊസ്റ്റ്,“ദോഷരാശി”.

Kuzhur Wilson said...

"ഭീരു.

കമ്പുകൊണ്ടടിച്ചാലും
കറണ്ടുകൊണ്ടടിച്ചാലും
കര്‍മ്മദോഷങ്ങളുടെ
ചങ്ങലയണിഞ്ഞു ഞാന്‍
‍ഈ കുടുസ്സില്‍തന്നെ
തപസിരിക്കും.

പ്രത്യക്ഷനായാല്‍
നിന്റെ മുഖത്തു തുപ്പും!"

ചങ്കുറപ്പില്ലാത്തവരുടെ
വര്‍ത്തമാനമായി കവിത.

ഭീരു ഭീരു ഭീരു ഭീരു
ഒരു നിമിഷത്തില്‍ എങ്കിലും ഭീരു അല്ലാതെ ഇരിക്കുവാന്‍...

പോരട്ടെ പോരട്ടെ....

അനിലൻ said...

മുഖത്ത് തുപ്പി തിരിച്ചുപോയി എന്ന് സമാഹാരത്തില്‍ ഉള്‍പ്പെടുത്താത്ത എന്റെ ആത്മകവിതകളില്‍ ഒന്നില്‍ ഞാന്‍ എഴുതിയിട്ടുണ്ടു.
ഇനി എഴുതുകയുമില്ല

കള്ളിന്റെ ഉച്ചകോടിയില്‍ ഞാനിത് വായിച്ചു.
ഒന്നും പറയുന്നില്ല.

വിഷ്ണു പ്രസാദ് said...

കവിതയ്ക്കു പിന്നില്‍ ഒരു കഥയുണ്ടെന്നു തോന്നുന്നു...

കവിതയില്‍ ചില വരികള്‍ അപാരം:നേരംവെളുത്തപ്പൊ
നാട്ടുകാര്‍ കൂടി
താങ്ങിയെടുത്തുകിടത്തി
എന്നെക്കാള്‍ കനമുള്ളൊരു
പേരുദോഷത്തിനെ!

jineshgmenon said...

ആയിരം ചോദ്യങ്ങള്‍ക്ക്‌
ഒറ്റ മറുപടി
അതു ഞാന്‍ കുറിച്ചിട്ടത്‌
അവന്റെ കണ്ണുകളിലായിരുന്നുനല്ല വരികള്‍

ചിദംബരി said...

കുഴൂര്‍,അനിലന്‍,
കവിതയെ മനസുകൊണ്ടു വായിച്ച നിങ്ങള്‍ ഒരു വലിയ പ്രചോദനമാണ്.
വിഷ്ണു,
കഥയുണ്ടെന്നത് സത്യം തന്നെ.ഗന്ധര്‍വന്‍ മോഹിച്ച പെണ്ണുങ്ങളുടെ കഥ കേട്ടിട്ടില്ലേ...വ്യാമോഹത്തിന്റെ ബാധ അഴിഞ്ഞപ്പോഴേയ്ക്കും ഭ്രാന്തിന്റെ കൂട്ടിലേയ്ക്ക് എടുക്കപ്പെട്ട ഒരുപാടു ജന്മങ്ങളുടെ കഥകള്‍ കേട്ടിരുന്നു ചെറുപ്പത്തില്‍..
മഴതുള്ളി,
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ‍

അഭയാര്‍ത്ഥി said...

ഗുണദോഷം കൊണ്ടൊന്നും
ജലദോഷം മാറില്ല!


മുടിയഴിച്ചിട്ട്‌
മഴയത്തുനില്‍ക്കാന്‍
‍കൊഴുപ്പുണ്ടായിട്ടല്ല

മുടിക്കെട്ടില്‍
തലയൊളിപ്പിച്ച്‌
അരക്കെട്ടില്‍
‍കൈയ്യൊളിപ്പിച്ച്‌
ഒരുത്തനെന്നെ
പൂണ്ടടക്കം
പിടിച്ചുനിര്‍ത്തിയത്‌
ആരോടുപറയാന്‍!

ചിദംബരി ടീച്ചറെ മനോഹരമാണീ വരികള്‍. എംകിലും ഇതില്‍ ഒരാണെഴുത്തിന്റെ കാര്‍ക്കശ്യം. യാദൃശ്ചികമാകാം.

കവിതക്ക്‌ വൃത്ത ഭംഗിയൊ താളമൊ വേണ്ടെന്ന അഭിപ്രായമാണെനിക്ക്‌.

പക്ഷെ ഈ കവിതക്ക്‌ വൃത്ത്ഭംഗിയും, അല്‍പ്പം കൂടി താളാത്മകവുമായിരുന്നെങ്കില്‍ എന്നെനിക്ക്‌ തോന്നുന്നു.
വളരെ ഇമ്പ്രസീവ്‌ ആയേനെ. കാരണം എല്ലാ ദോഷരാശികളില്‍ നിന്നും പുറത്ത്‌ കടന്ന്‌ പരിപൂര്‍ണമായേനെ-അത്‌ തന്നെ

ചിദംബരി said...

ഗന്ധര്‍വന്‍,
താങ്കളുടെ വായനയേയും അഭിപ്രായങ്ങളേയും ഏറെ വിലമതിച്ചുകൊണ്ടു തന്നെ ചില വിയോജിപ്പുകള്‍ വ്യക്തമാക്കിക്കൊള്ളട്ടെ.
“എങ്കിലും ഇതില്‍ ഒരുആണെഴുത്തിന്റെ കാര്‍ക്കശ്യം”
പെണ്ണെഴുത്തിന് അയഞ്ഞ,ആര്‍ദ്രസുന്ദരമായ ഒരു ഭാവം മാത്രമേയുള്ളു എന്ന മുന്‍വിധി അല്ലെ ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നത്?
വൃത്തഭംഗിയും താളവും വിഷയത്തിന്റെ തീവ്രതയില്‍നിന്നും വായനക്കാരനെ ഒരുതരം സൌന്ദര്യത്തിന്റെ രസാനുഭവത്തത്തിലേയ്ക്ക് വഴിതെറ്റിക്കുമോ എന്നു സംശയം.സംശയം മാത്രമാവാം.എന്തായാലും ഗദ്യ കവിതയിലേയ്ക്ക് ഞാന്‍ തിരിയാനുള്ള കാരണം ഇതാണ്.എനിക്കു പറയാനുള്ളത് വൃത്തഭംഗിയോടെ താളനിബദ്ധമായി പറഞ്ഞാല്‍ ഞാന്‍ ആഗ്രഹിക്കും വിധം അത് സംവദിക്കുമോ എന്ന ഭയം..
അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി.

G.MANU said...

manasilekku kavithayude kuththiyirakkam.........vrithavum thalavum chernnal theevratha kurayum ......contine in this way chidambari

ചിദംബരി said...

മനു,
താളഭംഗിയുള്ള കവിതകള്‍ എഴുതുന്ന ആളായിട്ടും താളമില്ലാത്ത ഈ കവിതയുടെ ഉള്ളുകണ്ട ആ കണ്ണിനു നന്ദി