Friday, October 17, 2008

സത്യമായിരിക്കും..,

തുളസിയും, ശിവനരുളിയും പോലെ
സത്യവും, നിഷ്ഠയുമുള്ള
ഒരുപാട്‌ ചെടികളുണ്ട്‌.

തീണ്ടാരിയായ
പെണ്ണുങ്ങളൊന്ന് തൊട്ടാമതി
അവ വാടിപ്പോകാന്‍.

ശുദ്ധവും വൃത്തിയുമൊക്കെ
നോക്കിവേണം നനയ്ക്കാന്‍,
ഇല്ലെങ്കില്‍ ഇല്ലന്നേയുള്ളു.

സത്യമായിരിക്കണം.

മൂത്തവള്
‍വയസ്സറിയിച്ചതിന്റെ
മൂന്നാം നാള്‍ പട്ടു,
നാലുനേരം നനക്കുമായിരുന്ന
ശിവനരുളി.

വാടി, തുളസി.

അമ്മയ്ക്കും അന്ന്
മാസക്കുളി നിന്നിട്ടില്ല.

പത്തുമണിക്ക്‌
പറമ്പില്‍ മേല്‍നോട്ടം നിര്‍ത്തി
വിയര്‍ത്തുവന്ന അഛന്‍ പറഞ്ഞു,
"നടവഴിയിലെ
പുല്ലുപോലും കരിഞ്ഞു;
നരകത്തീ.."

ആന്തൂറിയം വിറ്റ്‌ ജീവിക്കുന്ന
വിധവയായ വിമലയ്ക്ക്‌ മാത്രം
ഇപ്പൊഴും തൊടിനിറയെ പൂ..!

കലികാല വൈഭവം;
തെറിച്ചവളാ, സൂക്ഷിക്കണം...

3 comments:

നസീര്‍ കടിക്കാട്‌ said...

വാങ്ങണം
വളർത്തണം
ആന്തൂറിയം എന്റെ തോട്ടത്തിലൂം!

ബയാന്‍ said...

വിധവയായ വിമല, ആന്തൂറിയം, തെറിച്ചവള്‍ - അവസാന വരിയിലാ സംഗതിയുടെ കിടപ്പ് അല്ലെ.

ഒടുക്കത്തെ പറച്ചില്‍: ‘സ്റ്റേഫ്രീ അള്‍ട്രാ സെക്യുറി‘ന്റെ പരസ്യം സ്ക്രീനില്‍ കിടന്നു ചാടുമ്പോള്‍ തെറിച്ചുപോവുമോ ആവോ?

കല|kala said...

സത്യത്തെ കുറച്ചുകൂടി ആഴത്തിലറിയേണം അവര്‍.,
കൊലപാതകിയുടേയും ദുഷ്ടരുടേയും രക്തം തുളസിക്കു
പഥ്യമാണോ ആവോ?

ഉള്ളിലിരിക്കുമ്പോള്‍ ദൈവവും തുളസിയും അറിയുന്നുണ്ടാവില്ല അകത്തെ അശുദ്ധി. പുറ്ത്തുവരുമ്പോഴെ അവര്‍ക്കു
അശുദ്ധം തിരിയുന്നുണ്ടാവുള്ളു....

:)