Monday, December 3, 2007

ഒരു അഭയാര്‍ത്ഥികൂടി പിറക്കുന്നു!

ഇനിയും പിറക്കാത്ത
കുഞ്ഞിനെ ഉറക്കാന്‍
ഒരു താരാട്ട് വേണം.

പണ്ട്
വിരലുണ്ടുറങ്ങിയ
പാ‍ട്ടുതൊട്ടിലുകളെല്ലാം
അഴിഞ്ഞു കഴിഞ്ഞു.

ആനന്ദക്കണ്ണീരില്‍
അപ്പൂപ്പന്‍ കെട്ടിയ
ഓര്‍മ്മയുടെ
ശീലത്തൊട്ടിലും
കുടുക്കിട്ട നെഞ്ചും
മച്ചും തറയുമുള്‍പ്പെടെ
കണ്ടവര്‍
കുളംതോ‍ണ്ടിക്കഴിഞ്ഞു.

സ്വര്‍ഗ്ഗത്തില്‍നിന്നുമിപ്പോള്‍
കെട്ടിയിറക്കുന്ന പൊതിത്തൊട്ടിലില്‍
ഭിക്ഷയാണ്‌.

ആര്‍ത്തി
മാനം നോക്കിയിരിക്കുന്ന
കണ്ണുകള്‍
നായ്ക്കളുടേതാണ്‌.

പേയെടുത്ത
ആയുസ്സിന്റെ
വിഴുപ്പു കെട്ടിയ
ഭാണ്ഡങ്ങളായിട്ടും
അടുത്തിരുന്നപ്പോള്‍
രമിക്കുവാന്‍ തോന്നി,
ഏതു മരുഭൂമിയിലും
ഏത് അഭയാര്‍ത്ഥികള്‍ക്കും
അതൊരൊളിയിടം തന്നെ!

ചുമന്നുപോയത്
ഇറക്കിയല്ലേ പറ്റു!

ഇനിയും പിറന്നില്ലെങ്കിലും
ഇവര്‍‍ക്കുറങ്ങാന്‍
ഒരു താരാട്ടു വേണം.

ഏതു നാട്ടിലെ
ഏതു ഭാഷയിലെ
ഏതു കനിവിന്റെ
ലിപികള്‍ ചേര്‍ത്ത് മൂളും
ഇവര്‍ക്കായ്
ഒരു പാട്ടു തൊട്ടില്‍?

പഴയേതോ വരമ്പിലൂടെ
അതും തേടി
നടന്നതായിരുന്നു.
പെട്ടന്നൊരൊച്ചയില്‍
തൊട്ടിലുപൊട്ടി
പാട്ടും മുറിഞ്ഞു
ഒരു കരച്ചിലുപോലുമില്ലാതെ.

5 comments:

വല്യമ്മായി said...

വിഷമം മനസ്സിലാക്കുന്നു.എന്നാലും മറ്റ് വിഷയങ്ങളിലെ കവിതകളും പ്രതീക്ഷിക്കുന്നു.

അഭയാര്‍ത്ഥി said...

ഹെന്ത്‌?????
നമുക്കും അപരന്‍ പിറക്കുന്നുവോ?...

ലോകമെങ്ങും ഒരേ വിലാപമാണ്‌ ചിദ്ംബരി- അത്‌ അഭയം തേടലിന്റേതാണ്‌. ഉറച്ച ഒരു തൂണു പോലും ഇല്ല ഒന്ന്‌ ചാരി പിടിച്ച്‌ നിവര്‍ന്ന്‌ നില്‍ക്കാന്‍. സുനാമിത്തിരയില്‍ ഒഴുകുന്നു നാമത്രയും.

ഈയൊഴുക്കില്‍ താരാട്ട്‌ ഒരു അഭയാഭ്യര്‍ത്ഥനയാണ്‌.
അഭയം ചിദംബരി, ലക്ഷ്മി, നാരായണി, കാര്‍ത്യായനി,
ദുര്‍ഗ്ഗേ, വരദേ, ജ്യോതിര്‍മയി,മയൂരി,.......

CHANTHU said...

ഈയൊരു കെട്ട ലോകത്തിലൊരൂഞ്ഞാലു കെട്ടണോ ?

ചിദംബരി said...

പിന്മൊഴിയെക്കുറിച്ച് വിവരം കിട്ടിയത് ഇന്നാണ്.അതുകൊണ്ട് വൈകിയാണെങ്കിലും ഞാനും അതിലേയ്ക്ക് മാറുന്നു.
വാത്മീകി..,നന്ദി.
വല്യമ്മായി,
വിഷയം മുന്‍പ് ഞാന്‍ എഴുതിയവയില്‍ പെടുന്നതല്ല.അതിലേയ്ക്ക് കടന്ന വഴിയോ ഒരുപാട് നാളായുള്ള ഒരു ഒബ്സെഷനും! അതെന്തായലും കവിതയിലെ ആദ്യ വരികള്‍ സത്യമാണ്.
അഭയാര്‍ത്ഥി,
നിങ്ങള്‍ക്ക് അപരന്മാരില്ല.പര്യായങ്ങളേ ഉള്ളു.നന്ദി.
ചന്തു,
ഇതേ ലൊകത്തല്ലേ കവികളുടെ കവിയായ അയാള്‍ ഒരുഞ്ഞാലു കെട്ടി അട്ടിവിട്ടത്..!

"out of the cradle endlessly rocking"

ചില ഓര്‍മ്മകള്‍ ആരെയും ഒഴിവാക്കുന്നില്ല..!
നന്ദി.

Sapna Anu B.George said...

ചിതംബരി കണ്ടതിലും വായിച്ചതിലും സന്തോഷം