Wednesday, September 5, 2007

കൊള്ളിമീന്‍ കുഞ്ഞ്

പെയ്തൊഴിയാതെ
നിന്നു തുളുമ്പും
ഇമയനങ്ങാതോരോ
മേഘനയനവും
നീയകന്നുപോയൊരാ
ദിവസത്തിന്‍
ഓര്‍മ്മതെളിയുന്ന
കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍.

ഗൂഢ ഗര്‍ഭമാ-
ണമ്മമാറില്‍നിന്ന്
പ്രാണനൂറ്റി
കുടിച്ച്‌ വറ്റിക്കുന്ന
ദൈവമാണീ ജീവനെന്ന്
ആരു പറഞ്ഞാലും
അവള്‍ കമഴ്ത്തിയ
ഉരുളിയില്‍ കോരിയ
മനപ്പാലിനെ മറക്കുവാനാകുമോ?

നിന്നെ മറക്കുവാനാകുമോ?

ചാരത്ത്‌ തൊട്ടിലില്‍
പട്ട്‌ തടുക്കിലെ
തങ്കമായ്‌ മിന്നേണ്ട
പൊന്നുങ്കുടത്തിനെ
അസുരലായിനിയിലെ
കാഴ്ചയായ്‌ മാറ്റിയവര്‍,
മണ്ണിലെ ദൈവങ്ങള്‍,
പിറുപിറുക്കുന്നു
ആഴങ്ങളിലുണ്ടിതിന്‍
‍വേരുകള്‍ ബാക്കി .

ആവര്‍ത്തിക്കും, ഉറപ്പ്‌.

വയറില്‍ കുരുത്തതേ-
തര്‍ബ്ബുദമായാലും
അമ്മയ്ക്കതിനെ
മറക്കുവാനാവുമോ?
മാസങ്ങളെണ്ണി
പെരുത്ത പാശത്തിന്റെ
കെട്ടുകളഴിയുമോ
കാലം കഴിഞ്ഞാലും?

അറുത്തെടുത്തതൊരു
ദേഹത്തുനിന്നല്ലൊ-
രായുസ്സിന്‍ തപസ്സിന്റെ
നെഞ്ചില്‍ ഓടുങ്ങാത്ത
തൃഷ്ണയില്‍ നിന്നായിരുന്നു.

അതുകൊണ്ടാവാം കുഞ്ഞേ
ഒരിക്കലും
പെയ്തൊഴിയാതെ
നിന്നു തുളുമ്പും
ഇതളനങ്ങാതോരോ
മാതൃഹൃദയവും
നീ അടര്‍ന്നു പോയൊരാ
നിമിഷത്തിന്‍
‍ഓര്‍മ്മ തെളിയുന്ന
കൊള്ളിമീന്‍ കുഞ്ഞുങ്ങളില്‍.