Sunday, April 22, 2007

ദോഷരാശി

ഗുണദോഷം കൊണ്ടൊന്നും
ജലദോഷം മാറില്ല!


മുടിയഴിച്ചിട്ട്‌
മഴയത്തുനില്‍ക്കാന്‍
‍കൊഴുപ്പുണ്ടായിട്ടല്ല

മുടിക്കെട്ടില്‍
തലയൊളിപ്പിച്ച്‌
അരക്കെട്ടില്‍
‍കൈയ്യൊളിപ്പിച്ച്‌
ഒരുത്തനെന്നെ
പൂണ്ടടക്കം
പിടിച്ചുനിര്‍ത്തിയത്‌
ആരോടുപറയാന്‍!


ആയിരം ചോദ്യങ്ങള്‍ക്ക്‌
ഒറ്റ മറുപടി
അതു ഞാന്‍ കുറിച്ചിട്ടത്‌
അവന്റെ കണ്ണുകളിലായിരുന്നു

ഉത്തരക്കടലാസില്‍നിന്ന്
അക്ഷരങ്ങള്‍ മാഞ്ഞുപോയത്‌
ദൃഷ്ടിദോഷം കൊണ്ടെന്നു
പാവം ടീച്ചര്‍!


ചെമ്പകമണമുള്ള
പൗര്‍ണമിരാവിന്റെ
പാട്ടാണുവന്നെന്നെ
ഇക്കിളിയിട്ടത്‌

നടക്കുമ്പോള്‍
‍കാലിനും കാമനകള്‍ക്കും
ഭാരമേയില്ലായിരുന്നു.

നേരംവെളുത്തപ്പൊ
നാട്ടുകാര്‍ കൂടി
താങ്ങിയെടുത്തുകിടത്തി
എന്നെക്കാള്‍ കനമുള്ളൊരു
പേരുദോഷത്തിനെ!


കാണാപ്പുറത്തെങ്ങോ
കളമൊരുങ്ങുന്നെന്നു
കേട്ടപ്പോ നീ പാട്ടുനിര്‍ത്തി
ഒരുനോട്ടമെങ്ങോ
പാതിക്കുപേക്ഷിച്ച്
മിണ്ടാതിറങ്ങി നടന്നുപോയി...

ഭീരു.

കമ്പുകൊണ്ടടിച്ചാലും
കറണ്ടുകൊണ്ടടിച്ചാലും
കര്‍മ്മദോഷങ്ങളുടെ
ചങ്ങലയണിഞ്ഞു ഞാന്‍
‍ഈ കുടുസ്സില്‍തന്നെ
തപസിരിക്കും.

പ്രത്യക്ഷനായാല്‍
നിന്റെ മുഖത്തു തുപ്പും!

Sunday, April 15, 2007

ഊഴം

സൂചനീയം
ഒരു സൂചിത്തുമ്പിന്റെ
ധാതുശേഷി...!

യുദ്ധം വിപ്ലവം
ചാവേര്‍ ‍തുടങ്ങിയ
ഒരു തീയ്ക്കും കനലാവാഞ്ഞിട്ടും
ആണുങ്ങള്‍ ഇല്ലാതെപോയ നാട്ടില്‍
മച്ചിയാക്കാതെന്റെ
കഴുത്തുകാത്ത
കാവലാള്‍.

മാലപോലൊരു കുരുക്കിട്ട്‌
അതിന്റെ തുമ്പും പിടിച്ച്‌
നടക്കുന്നുണ്ട്‌
സ്നേഹശേഖരത്തിലെ
എന്റെ വീതം
ഊറുന്ന ലോഹത്തിന്റെ
വിറതുള്ളിയായി
ഘനീഭവിപ്പിച്ചവര്‍,
വരുന്നു
പെന്‍സിലും കൂര്‍പ്പിച്ച്‌
പേറിന്റെ കണക്കെഴുതാന്‍!

പെറ്റ്‌
പാലൂട്ടി
മൂരിനിവരുമ്പോള്‍
‍അടിവയറ്റില്‍നിന്നും
ഉരുണ്ടുവരും
അടുത്ത ഊഴം
പിന്നെ അതും ചുമന്ന്...