Monday, June 18, 2007

സന്താന ഗോപാലം

പവക്കുഞ്ഞുങ്ങളെ
പാടിയുറക്കാനായ്
പണ്ടേ ചൊല്ലി
പഠിച്ച വരികളില്‍
കുരലിടറി നീറിയൊരു
താരാട്ടിഴയവേ
മിഴി പെറ്റുതന്നെന്റെ
പൊള്ളുന്ന മടിയില്‍
രണ്ട് ഓമന
കണ്ണുനീരുണ്ണികള്‍.

പൂഴിയില്‍ നീന്തി
തുടിക്കുന്ന പൈതങ്ങള്‍
‍പൂത്തുനില്‍ക്കുന്നോരോ
പാതയോരം തോറും
തങ്ങിനില്‍ക്കുന്നയെന്‍
കാഴ്ച്ചയിലൂടൊരു
വ്യര്‍ഥ തപസ്സിന്റെ
ഒറ്റക്കാല്‍ മുടന്തവേ

ചുറ്റുവട്ടത്തുള്ള
ചേരിയിലങ്ങോളം
വ്യാധികള്‍ പുകയുന്ന
കല്ലടുപ്പുകള്‍ തോറും
കണ്ണിരു കാച്ചിയത്‌
കൊഞ്ചാത്ത കുഞ്ഞുങ്ങള്‍
‍കൊരിക്കുടിക്കുന്ന
കുമ്പിളിലുടെന്റെ
നെഞ്ചിലെ ഉറവകള്‍
ചുണ്ടുതിരയവേ

ബാഷ്പമാവാതന്ന്
ബാക്കിയുണ്ടാകുമോ
ഒരു തുള്ളി
മുലപ്പാലെങ്കിലും,
എങ്കില്‍ ചുമന്നോളാം
ഞാനീ കിനാവിനെ
അന്തമില്ലാത്ത
ഈ പേറ്റുനോവിന്‍
താന്ത നൊമ്പരങ്ങളെ പോറ്റി
അന്നോളം കഴിച്ചോളാം.

പറയരുതതുമാത്രം
മച്ചിയായവളുടെ മടിയിലിരുന്നാല്‍
മരുന്നില്ലാ വ്യാധികളവള്‍ നേരും
മക്കള്‍ക്കെന്ന്...

ഓര്‍ക്കണം
തിളയ്ക്കുന്ന കണ്ണീരിലവള്‍
കുഴിച്ചിട്ട സ്വപ്നങ്ങളത്രേ
നൂറു ഗര്‍ഭപാത്രങ്ങളില്‍
കുരുക്കുന്നു, കൈകാലിളക്കുന്നു
പിന്നെ മടിയിലൊരു
പൂവായ് വിടരുന്നു.

Friday, June 8, 2007

ലഹരി

മീനും കൊണ്ട്‌
പറന്നു പൊന്തിയ
പൊന്മാന്‍
‍വെള്ളത്തിലിട്ടുപോയ
അടയാളം പോലെ
അടര്‍ന്നുപോയ
ഓരോ പ്രണയവും
ചില മുദ്രകള്‍
ബാക്കിയാക്കുന്നെന്ന്
നമ്മള്‍ വിചാരിക്കും.

അവ
മറന്നുപോയതാണെന്നും
വിചാരിക്കും.

അവയ്ക്കുമേല്‍
ശാപത്തിന്റെ
ഒരു സന്യാസിയെ
ഇരുത്തും.

അയാളുടെ
വിളി കേള്‍‍ക്കാതെ
മനോരാജ്യങ്ങളില്‍
മുഴുകും.

ശപ്ത കഥയിലെ
തപ്ത നീരാള
നിരാമയമാം
അശ്രുബിന്ദു..?

നല്ല പ്രണയത്തിന്റെ
കഥകളെല്ലാം
ഒടുങ്ങുന്നത്‌
ദുരന്തത്തിലാവണ്ടേ...!